Tuesday, 15 March 2011

പറയാതെ വയ്യ.


ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ അടുത്തകാലംവരെ അല്‍പ്പമെങ്കിലും മൂല്യബോധം സൂക്ഷിച്ചിരുന്ന സംസ്ഥാനം നമ്മുടെ കേരളമായിരുന്നു. വകതിരുവില്ലായ്മയുടെ കൂത്തരങ്ങായി ഇന്ന് കേരളവും മാറിയിരിയ്ക്കുന്നു. ബാലകൃഷ്ണപിള്ള സംഭവം മാത്രംമതി ഉദാഹരിക്കാന്‍. ഒരു രാഷ്ട്രീയപ്പര്‍ട്ടിയോടും എനിയക്ക് ആഭിമുഖ്യമില്ല. എങ്കിലും ചില സത്യങ്ങള്‍ പറഞ്ഞേതീരൂ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ലേബലൊട്ടിയ്ക്കാത്ത കേരളത്തിലെ ഏതൊരു സാധാരണ പൗരനെയും പോലെ വി.എസ്സ് മുഖ്യമന്തിയായി വരണമെന്ന് അഞ്ചുവര്‍ഷം മുന്‍പ് ഞാനും ആഗ്രഹിച്ചിരുന്നു..ഈശ്വരവിശ്വാസിയായതിനാല്‍ പ്രാര്‍ഥിച്ചിരുന്നു. നമ്മള്‍ പിന്നീടെന്താണ് കണ്ടത്? അഴിമതിയ്‌ക്കെതിരെയോ സ്ത്രീപീഢനത്തിനെതിരെയോ മുഖ്യമന്ത്രി എന്ന നിലയില്‍ നിസ്സഹായനായി നില്‍ക്കുവാനേ വി.എസ്സിനു സാധിച്ചുള്ളൂ..
 ലാവ്‌ലിന്‍ വിഷയത്തിലേക്കു വരാം. സി.പി.എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയില്‍ പിണറായി വിജയന്‍ 375കോടി രൂപാ പോയിട്ട് ഒരുകോടി രൂപാ പോലും വ്യക്തിപരമായി സമ്പാദിച്ചു എന്ന് ഞാനും കേരളരാഷ്ട്രീയത്തെ ഗൗരവപൂര്‍ണം നോക്കിക്കാണുന്ന ആരും വിശ്വസിയ്ക്കൂകയില്ല. അഴിമതി നടന്നില്ല എന്നല്ല പറഞ്ഞുവരുന്നത്. തീര്‍ച്ചയായും നടന്നിട്ടുണ്ട്. പിണറായി വിജയന്‍ എന്തങ്കിലും ചട്ടവിരുദ്ധമായി ചെയ്തിട്ടുണ്ട് എങ്കില്‍ അത് പാര്‍ട്ടിയുടെ മൗന സമ്മതത്തോടെയാണ്,അല്ലെങ്കില്‍ പാര്‍ട്ടി അതുമുഴുവനും കൈയ്യിട്ടു വാരിയിട്ടുമുണ്ട്. ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും ഒറ്റക്കെട്ടോടെ നേരിടും എന്ന പോളിറ്റ്ബ്യൂറോ പ്രമേയം ലാവ്‌ലിന്‍ അഴിമതിയില്‍ പ്രതി പിണറായി അല്ല മറിച്ച് ഞങ്ങളെല്ലാവും കൂടിയാണ് എന്ന കാരാട്ടിന്റെ വിളിച്ചുപറയലായിരുന്നു.
 വി.എസ്സിനും ഇതറിയാം. കണ്ണൂര്‍നേതാക്കന്‍മാര്‍ക്ക് 'ജന്‍മനാ' ഉള്ള ധാര്‍ഷ്ട്യം പിണറായിയെ മധ്യമങ്ങള്‍ക്ക് അനഭിമതനാക്കിയിട്ടുണ്ട്. വി.എസ്സ് ഇതു മുതലെടുത്തു. മാധ്യമങ്ങക്കെന്താണോ വേണ്ടത് അതു കൊടുത്തുകൊണ്ട് വി.എസ്സ് അവരെ കൈയ്യിലെടുത്തു. കൊട്ടിഘോഷിയക്കുന്നതുപോലെ മുഖമുള്ള നേതാവായിരുന്നു വി.എസ്സ് എങ്കില്‍ ലാവ്‌ലിന്‍അവിമതിയ്ക്ക് ചുക്കാന്‍പിടിച്ച പാര്‍ട്ടിയില്‍നിനിന്നും രാജിവച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങുക എന്നതായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പുണ്യവാളനായി സ്വയം അവരോധിക്കാനുള്ള തരംതാണ രാഷ്ട്രീയനാടകമാണ് വി.എസ്സ് നടത്തുന്നത്. സ്വന്തം പുത്രന്റെ കാര്യത്തില്‍ അഴിമതി ആരോപണം വന്നപ്പോഴുള്ള മലക്കം മറിച്ചിലിന് പ്രബുദ്ധകേരളം സാക്ഷിയാണല്ലോ..

 പരിമിതമായ രാഷ്ട്രീയാവബോധത്തില്‍നിന്നും ഉണ്ടായ ജല്‍പ്പനങ്ങളാവാം ഒരുപക്ഷേ ഇത്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിയ്ക്കുക.. രാഷ്ട്രീയമല്ല സഞ്ജീവിന്റെ ബ്‌ളോഗിന്റെ ലക്ഷ്യം. എന്നാല്‍ ഒരു ജനാധിപത്യ വിശ്വാസിയെന്ന നിലയ്ക്ക് രാഷ്ട്രീയത്തില്‍നിന്ന് വേറിട്ടൊരു സാഹിത്യത്തിലോ കലയിലോ ഞാന്‍ വിശ്വസിയ്ക്കുന്നില്ല..

No comments:

Post a Comment